ഓമനയായ 'അഹ'ത്തിന്‌

കവി: Vladimir Mayakovsky [To his Own Belovedself]
ആറുവട്ടം മേല്‍‌സ്ഥായിയില്‍
വിരസമായ മണിയൊച്ച മുഴങ്ങി .  ,
'സീസറിനുള്ളത് സീസറിന്‌
ദൈവത്തിനുള്ളത് ദൈവത്തിനും'
പക്ഷേ, എന്നെപ്പോലൊരുവന്‍
എവിടെ ചുവടുറപ്പിക്കണം ?
എവിടെ താവളം തേടണം‍?

സമുദ്രങ്ങള്‍‌ക്കും സമുദ്രമെന്നപോലെ
തുച്ഛനായിരുന്നെങ്കില്‍‌
തിരമാലത്തുമ്പില്‍ കാലൂന്നി
വേലിയേറ്റക്കൈനീട്ടി ഞാന്‍
ചന്ദ്രനെ പുണരുമായിരുന്നു.
എനിക്കൊത്ത പ്രണയിനി,
എവിടെയാണവള്‍‌‌ ?
അവളെയുള്‍ക്കൊള്ളാന്‍‌
ഈ ആകാശപ്പരപ്പും പോരെന്നോ?

കോടിപതിയെപ്പോലെ ദരിദ്രനായിരുന്നെങ്കില്‍‍‌ ,
എന്റെ കാര്യം ഗുരുതരമായേനെ.
കൊതിപെരുത്ത കള്ളനകത്തുള്ളപ്പോള്‍‌
ആത്മാവിന്‌ പണമെന്തിനെന്നോ!
കാലിഫോര്‍‌ണിയയിലെ സ്വര്‍‌ണ്ണം
മൊത്തം കൈയ്യില്‍‌വന്നാലും
മതിയാവാത്തവരാണ്‌
എന്റെ ഉള്ളിലെ ആര്‍ത്തിക്കൂട്ടം.

ഡാന്റെ ,പെട്രാര്‍ക്ക്,ഇവരെപ്പോലെ
മൊഴിമുട്ടിയവനായിരുന്നെങ്കില്‍‌‌
കവിതകുറിച്ച കടലാസുകള്‍‌കൊണ്ട്
പെണ്ണിന്റെ ഹൃദയം
ചുട്ടുചാമ്പലാക്കുമായിരുന്നു ഞാന്‍
എന്റെ വാക്കും പ്രണയവുംചേര്‍‌ന്നൊരുക്കിയ
വിജയകമാനത്തിലൂടെ
ഒറ്റാടറ്റയാളം ബാക്കി നിര്‍‌ത്താതെ
യുഗയുഗങ്ങളായുള്ള പ്രണയിനീവൃന്ദം
ഹര്‍‌ഷോന്മാദികളായി
നടന്നുപോവുമായിരുന്നു.

ഇടിവെട്ടുപോലെ പ്രശാന്തനായിരുന്നെങ്കില്‍‌ ,
എങ്കില്‍ എങ്ങനെ വിലപിക്കും ഞാന്‍ ?
എങ്ങനെ അലമുറയിടും !
ഞാനൊന്നു കരഞ്ഞാല്‍‌ കഴിഞ്ഞല്ലോ
ഭുമിയിലെ വിള്ളലോടിയ കന്യാശ്രമവാടങ്ങള്‍
നടുങ്ങില്ലേ, നടുങ്ങി വിറയ്ക്കില്ലേ?
മുഴുക്കരുത്തോടെ ഞാനൊന്നലറിയാല്‍‌
ജ്വരാവിഷ്ടരായ വാല്‍‌നക്ഷത്രക്കൂട്ടം
വാല്‍ചുരുട്ടി ആകാശത്തട്ടില്‍‌നിന്നും
ചാടിച്ചത്തുപോവില്ലേ?

സൂര്യനെപ്പോലെ പ്രഭയൊന്നു ചുരുക്കിയാലോ?
എങ്കില്‍‌ കണ്ണിലെ നക്ഷത്രരശ്മികള്‍‌കൊണ്ട്
ഞാന്‍ ഇരുട്ടിനെ തുളയ്ക്കുമായിരുന്നു
മന്നിന്റെ ചുളിഞ്ഞ മാര്‍ത്തടം
സ്വയം പടുക്കുമായിരുന്നു

പിന്നിലെ പ്രണയച്ചുമടുമിഴച്ച്
ഞാനും പോകട്ടെ
ജ്വരാവേശിതനായ
എതുന്മാദി? ഏതുരാത്രിയില്‍?
ഏതുഗോലിയാത്ത്, ആര്‌?
ആരാണെന്നെ, ഈ തടിമാടനെ
ആര്‍‌ക്കും വേണ്ടാത്തവനായി
ഇങ്ങനെ ഉണ്ടാക്കിയിട്ടത്
വിവ‌ര്‍‌ത്തനം: ജ്യോതിബായ് പരിയാടത്ത്
                                                     




                                            


.

No comments:

Post a Comment