ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍

വിവര്‍ത്തനം :സോനാ .ജി 
 കവി :, 










ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന്‍ സംഗീത സദസ്സ് .
പ്രണയോന്‍മാദത്തില്‍ , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്‍ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന്‍ ചായ്‌വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന്‍ മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....

മത്സ്യ കന്യക

വിവര്‍ത്തനം :ഇന്ദ്രസേന 
കവി :പാബ്ലോ നെരുദ  













സത്രം നിറയെ ആളുകള്‍

ഒരു സ്വപ്നത്തില്‍ എന്ന പോലെ
അവര്‍ക്കിടയിലേക്ക് അവള്‍ വന്നു

പൂര്‍ണ്ണ നഗ്നയായി
ഒരു മത്സ്യ കന്യക

നദിയില്‍ എപ്പോഴോ എങ്ങിനെയോ
വഴി തെറ്റി പോയ
മത്സ്യ കന്യക

സത്രം അടക്കാന്‍ തുടങ്ങുക ആയിരുന്നു
കുടിച്ചു കൂത്താടുന്ന നാവികര്‍
അവളെ തുറിച്ചു നോക്കി

അപ്പോള്‍ നദിയില്‍ നിന്നും കയറി വന്ന
അവള്‍ക്കു ഒന്നും അറിയില്ലായിരുന്നു

തിളങ്ങുന്ന അവളുടെ മാംസം..
അതിലവര്‍ വര്‍ഷിച്ച അധിക്ഷേപം

സ്വര്‍ണ സ്തനങ്ങള്‍ നോക്കി
അവര്‍ അസഭ്യങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു

കണ്ണ് നീര്‍ എന്തെന്ന് അവള്‍ അറിഞ്ഞില്ല
അത് കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞതുമില്ല

വസ്ത്രങ്ങള്‍ എന്തെന്ന് അവള്‍അറിഞ്ഞില്ല
അത് കൊണ്ട് അവള്‍ നഗ്നയായിരുന്നു

കുടിയന്മാര്‍ അവളുടെ മേനിയില്‍ കറുപ്പ് വീഴ്ത്തി
നിലത്തു വീണു ഉരുണ്ടു
അവര്‍ അട്ടഹസിച്ചു

അവള്‍ മൌനം പൂണ്ടു
കാരണം അവള്‍ക്കു സംസാരിക്കാന്‍ അറിയുമായിരുന്നില്ല

നഷ്ട്ട പ്രണയത്തിന്റെ അരണ്ട നിറമായിരുന്നു
അവളുടെ കണ്ണുകള്‍ക്ക്‌

അവളുടെ കയ്യുകള്‍
വെളുത്ത പുഷ്യ രാഗങ്ങള്‍ പോലെ തിളങ്ങി

പവിഴ പ്രകാശത്തില്‍
അവളുടെ ചുണ്ടുകള്‍ എന്തോ
മൌനമായി പറയുന്നുണ്ടായിരുന്നു

സത്ര കതകു കടന്നു
എപ്പോഴോ
അവള്‍ വീണ്ടും പുഴയിലെത്തി

പുഴ അവളെ ശുദ്ധീകരിച്ചു

മഴയില്‍ തിളങ്ങുന്ന ഒരു വൈര കല്ല്‌
പോലെ അവള്‍ തിളങ്ങി

ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ
അവള്‍ അകലേക്ക്‌ നീന്തി നീന്തി പോയി
ശൂന്യതയിലേക്ക്
മരണത്തിലേക്ക്

സത്വം നഷ്ടപെടുമ്പോള്‍ (ഹിന്ദി കവിത )

കവി :കേശവ് തിവാരി
വിവര്‍ത്തനം :സന്തോഷ്‌ അലക്സ് 













എന്റെ ഗ്രാമത്തിലെ അട്ടിടയരുടെ പക്കല്‍ 
ഇപ്പോള്‍ ആടുകളില്ല 
മുത്തശ്ശി പറയുമായിരുന്നു
പുതുപെണ്ണ്  പൊന്നില്ലാതെയും
ഏഷണിക്കാര്‍  ഏഷണി ഇല്ലാതെയും കഴിഞ്ഞേക്കാം 
എന്നാല്‍ ആട്ടിടയര്‍ക്ക് ആടുകളില്ലാതെ കഴിയാനാകില്ല
ലോകത്തില്‍ ഇപ്പോള്‍
ആടുകള്‍ ഇല്ല എന്നല്ല
എന്റെ ഗ്രാമത്തിലെ ആട്ടിടയരുടെ പക്കല്‍ 
ഇപ്പോള്‍ ആടുകളില്ല 
ഗ്രാമത്തെ മുഴുവന്‍ പുതപ്പിക്കുവാന്‍ 
കമ്പിളി നെയ്യുന്നവൃദ്ധയുടെ പക്കല്‍ ഇപ്പോള്‍ നൂലില്ല
നെയ്യുന്നകഴിവ് വേണ്ട എന്നല്ല
എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ല എന്ന് മാത്രം
വര്‍ഷങ്ങളായാലും നെയ്ത്തിലൂടെ അറിയപെട്ടവര്‍
ഇന്ന് ഏത് വിധത്തിലറിയപ്പെടും 
സത്വം നഷ്ടപ്പെടുന്നതിന്റെയും 
ഒറ്റപ്പെടലിന്റെയും സമയമാണിത്
രാഷ്ട്രം തന്റെ സത്വത്തിനായി 
ഉയര്‍ന്നപ്പോളെല്ലാം 
ലോകത്തിന് തന്റെ ചുവട് മാറ്റിവെക്കേണ്ടി വന്നു.